Saturday 16 October 2010

കൊടുവള്ളിയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി പിന്മാറി; പിന്തുണ എല്‍.ഡി.എഫിന്

കൊടുവള്ളി: കൊടുവള്ളി ഗ്രാമപഞ്ചായത്തിലെ കരുവന്‍പൊയില്‍ വാര്‍ഡില്‍നിന്ന് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. ഇടതു-മതേതര മുന്നണിയുമായുണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണ് ഈ പിന്‍മാറ്റമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇടതു-മതേതര മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന റാബിയത്ത് വടക്കേക്കരയെ പിന്തുണക്കാനാണ് എസ്.ഡി.പി.ഐയുടെ തീരുമാനമെന്നറിയുന്നു.
കരുവന്‍പൊയില്‍ വാര്‍ഡില്‍ റുബീന നാസര്‍ ആണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. പോപ്പുലര്‍ ഫ്രണ്ടിന് പഞ്ചായത്തില്‍ താരതമ്യേന സ്വാധീനമുള്ള മേഖലയാണ് കരുവന്‍പൊയില്‍. ഇവിടെ അവര്‍ക്കുകൂടി സമ്മതമുള്ളയാളെ സ്ഥാനാര്‍ഥിയാക്കാന്‍ എല്‍.ഡി.എഫ് സന്നദ്ധമാകുകയായിരുന്നുവത്രെ. ഇടതു-മതേതര മുന്നണിയുടെ എം.എല്‍.എയാണ് ഇരുകക്ഷികള്‍ക്കുമിടയിലെ പാലമായി പ്രവര്‍ത്തിച്ചതെന്നാണ് അറിയുന്നത്.

കൊടുവള്ളി പഞ്ചായത്തിലെ കരൂഞ്ഞി വാര്‍ഡില്‍ ഇടതുമുന്നണിക്ക് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചതും വിവാദമായിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതി പ്രസിഡന്റ് വായോളി മുഹമ്മദ് മാസ്റ്ററാണ് ഇവിടെ ഇടതു-മതേതര മുന്നണി സ്ഥാനാര്‍ഥി. ഇദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ ബി.ജെ.പി പഞ്ചായത്ത് കണ്‍വെന്‍ഷനിലാണ് തീരുമാനമെടുത്തത്.

തൃശൂരിലെ ഇടതു-ബി.ജെ.പി ബന്ധം വിവാദമാകുകയും ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം ഇത് നിഷേധിച്ച് രംഗത്തിറങ്ങുകയും ചെയ്‌തെങ്കിലും കൊടുവള്ളിയില്‍ ബി.ജെ.പി വോട്ട് വേണ്ടെന്ന് ഇടതുമുന്നണി നേതൃത്വം ഇതുവരെ പറഞ്ഞിട്ടില്ല. നിരുപാധികമായി ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും വോട്ട് സ്വീകരിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് പി.ടി.എ റഹിം എം.എല്‍.എ ഇതേക്കുറിച്ച് പ്രതികരിച്ചത്.

No comments:

Post a Comment